ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് സിന്ധുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

single-img
27 August 2019

ബാഡ്‌മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ സ്വന്തമാക്കിയ വിജയത്തിന് പിന്നാലെ പിവി സിന്ധു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം സ്വിറ്റ്സർലന്റിൽ നിന്നും മടങ്ങിയെത്തിയ സിന്ധുവിനെ കേന്ദ്ര കായികവകുപ്പ് മന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

കേന്ദ്ര മന്ത്രിയുടെ കൂടെയാണ് പിവി സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇവരോടൊപ്പം സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ്, ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം വെങ്കല മെഡൽ നേടിയ സായ് പ്രണീത് എന്നിവരും ഉണ്ടായിരുന്നു.

ചരിത്ര നേട്ടം സ്വന്തമാക്കിയ സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പിവി സിന്ധുവിനെ നേരിട്ട് കണ്ടതില്‍ സന്തോഷമുണ്ടെന്നും ഭാവിയില്‍ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. അതിന് പിന്നാലെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതിന് സിന്ധുവിന് കേന്ദ്രസർക്കാരിന്റെ സമ്മാനമായ പത്ത് ലക്ഷം രൂപയുടെ ചെക്ക് കേന്ദ്രമന്ത്രി കിരൺ റിജ്ജു കൈമാറി. ടൂർണമെന്റിലെ വെങ്കലമെഡൽ ജേതാവ് സായ് പ്രണീതിന് നാല് ലക്ഷം രൂപയും ഇദ്ദേഹം സമ്മാനിച്ചു