പാലാരിവട്ടം പാലം വെച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു: പിടി തോമസ് എംഎല്‍എ

single-img
27 August 2019

എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുന്നത് സംശയത്തിന് ഇടനല്‍കുന്നുവെന്ന് പിടി തോമസ് എംഎല്‍എയുടെ ആരോപണം . എറണാകുളത് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പാലാരിവട്ടം പാലം വെച്ച് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചി നഗരത്തിനുള്ളിലെ റോഡുകളുടെ നവീകരണം സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് മെയ് ഒന്നിനാണ് പാലാരിവട്ടം മേല്‍പ്പാലം അടച്ചത്. ഇപ്പോൾ നാലു മാസം കഴിഞ്ഞിട്ടും പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കൊച്ചി നഗരത്തിലെ പ്രധാന റോഡുകളായ വെണ്ണല തുതിയൂര്‍, കലൂര്‍, കടവന്ത്ര തുടങ്ങിയവയെല്ലാം തകര്‍ന്നു കിടക്കുകയാണ്. കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡുകള്‍ വെട്ടിപൊളിച്ചതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. മുൻപ് പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. പാലത്തിന്റെ ഇപ്പോഴുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.