റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി; രാഹുലിന്റെ ആരോപണങ്ങള്‍ ജനം തള്ളിക്കളയും: നിര്‍മ്മല സീതാരാമന്‍

single-img
27 August 2019

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള നീക്കത്തിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനം തള്ളിക്കളയുമെന്നും ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് രാഹുല്‍ വിദഗ്ധരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മുന്‍പ് ‘ചോര്‍’ എന്ന പരാമര്‍ശത്തിന് രാഹുലിന് അര്‍ഹിക്കുന്ന തിരിച്ചടി കിട്ടിയതാണ്. ഇപ്പോള്‍ ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് പണം നല്‍കിയതെന്നും ധനമന്ത്രി വിശദീകരിച്ചു. കേന്ദ്ര നടപടി വെടിയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതുപോലെയെ ഉപകരിക്കൂകയുള്ളൂവെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

‘സ്വയം ഉണ്ടാക്കിയ സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. റിസര്‍വ് ബാങ്കില്‍ നിന്നും പിടിച്ചെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. വെടിയുണ്ടകൊണ്ടുള്ള മുറിവില്‍ ബാന്റ് എയ്ഡ് ഒട്ടിക്കുന്നതുപോലെയാണത്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.