ആമസോണിലെ തീയണക്കാന്‍ 22 മില്ല്യണ്‍ ഡോളര്‍ സഹായ വാഗ്ദാനവുമായി ജി7 ഉച്ചകോടി ; ആവശ്യമില്ല എന്ന് ബ്രസീൽ

single-img
27 August 2019

ആമസോണ്‍ മഴക്കാടുകളിൽ ഒരാഴ്ചയ്ക്ക് മുകളിലായി തുടരുന്ന തീയണക്കാന്‍ ജി7 ഉച്ചകോടി വാഗ്ദാനം ചെയ്ത 22 മില്ല്യണ്‍ ഡോളര്‍ ധനസഹായം വേണ്ട എന്ന് ബ്രസീല്‍. സഹായം നിഷേധിക്കാൻ പ്രത്യേകമായ കാരണം പറയാതെയാണ് ധനസഹായം വേണ്ടെന്ന ബ്രസീല്‍ പ്രഖ്യാപനം.

ഫ്രാന്‍സില്‍നടന്നുകൊണ്ടിരുന്ന ജി 7 ഉച്ചകോടി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ആമസോണിൽ ഇപ്പോൾ തീ നിയന്ത്രണ വിധേയമാണെന്ന് ബ്രസീല്‍ പ്രതിരോധമന്ത്രി ഫെര്‍ണാണ്ടോ അസെവ്‌ദോ പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമായപ്പോഴാണ് വെള്ളിയാഴ്ച ബ്രസീല്‍ കാട്ടുതീ തടയാന്‍ സൈന്യത്തെ അയച്ചത്.

അവിടെ തീ അണയ്ക്കുന്നതിനും വനനശീകരണം തടയുന്നതിനായി 44,000 സൈനികരെ ചുമതലപെടുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രതിരോധമന്ത്രിയുടെ വാക്കുകൾക്ക് വിരുദ്ധമായി ഫണ്ടിങ്ങിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ബ്രസീല്‍ പരിസ്ഥിതി മന്ത്രിയായ റിക്കാര്‍ഡോ സാല്ലേസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. ജി7 ൽ അംഗങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 22 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത്.