ചെക്ക് കേസ്; ജാമ്യ വ്യവസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനുള്ള ശ്രമവുമായി തുഷാര്‍

single-img
27 August 2019

ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപള്ളി തിരികെ കേരളത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു. ഇതിനായി യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം. കോടതിയുടെ വെളിയിൽ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന തുഷാറിന്‍റെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് കോടതിയിൽ അപേക്ഷ നൽകാനുള്ള ശ്രമം.

Support Evartha to Save Independent journalism

ഇനിയുള്ള കേസിന്‍റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാര്‍ പവർ ഓഫ് അറ്റോർണി നൽകി കഴിഞ്ഞു. അതും ഇതോടൊപ്പം കോടതിയിൽ സമർപ്പിക്കും. യുഎഇ സ്വദേശിയുടെ പാസ്പോർട്ട് സമർപ്പിച്ചാൽ തുഷാറിന്റെ പാസ്പോർട്ട് കോടതി വിട്ടു കൊടുക്കും. എന്നാൽ ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും.

മുൻപ്തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എംഎ യൂസഫലി തന്നെ ഇത്തവണയും സഹായിക്കും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്ത തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. അതോടൊപ്പം തുഷാറിന്‍റെ പാസ്പോര്‍ട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.