സർക്കാർ ഓഫീസുകളിൽ ലഞ്ച് ബ്രേക്ക് 45 മിനിറ്റ്; ഒന്നേകാൽ മുതൽ രണ്ട് മണിവരെയെന്ന് വ്യക്തമാക്കി സർക്കുലർ

single-img
27 August 2019

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ ലഞ്ച് ബ്രേക്ക് 45 മിനിട്ടാണെന്ന് വ്യക്തമാക്കുന്ന ഉത്തരവിറക്കി. മുൻപ് കരുതിയിരുന്ന പോലെ ഒരു മണിക്കൂറല്ല എന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. പ്രവൃത്തി സമയത്തെക്കുറിച്ച് പരാതികളും സംശയങ്ങളും ഏറിയതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് പുറത്തിറക്കിയത്.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണ സമയം ഒന്നേകാൽ മുതൽ രണ്ടു മണി വരെയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാൽ മുതൽ രണ്ടു മണിവരെയാണ് ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നിൽക്കാനാകൂവെന്നും ഉത്തരവിൽ പറയുന്നു.

നേരത്തെ മുതൽ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു മണി മുതൽ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതൽ പഞ്ചായത്ത് ഓഫീസുകളിൽ വരെ നടപ്പാക്കി വരുന്നത്. ഈ ധാരണ തന്നെയാണ് പൊതുജനങ്ങൾക്കുമുള്ളത്. സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം സംബന്ധിച്ച സംശയങ്ങളും പരാതികളും ഏറിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. 

രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പൊതുവിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താൽ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളിൽ 10.15 മുതൽ 5.15 വരെയാണ് പ്രവൃത്തിസമയം.