ലോക ശരാശരിയേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗവുമായി ഇന്ത്യക്കാര്‍; കണക്കുകള്‍ പുറത്ത് വിട്ട് ട്രായ് • ഇ വാർത്ത | evartha
Featured, National, Technology

ലോക ശരാശരിയേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗവുമായി ഇന്ത്യക്കാര്‍; കണക്കുകള്‍ പുറത്ത് വിട്ട് ട്രായ്

ഓരോ മാസത്തേയും മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരിയേക്കാള്‍ കൂടുതൽ ഉപയോഗിച്ച് ഇന്ത്യക്കാര്‍. ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോററ്റി (ട്രായി) പുറത്ത് വിട്ട കണക്ക് പ്രകാരം ഒരു ഇന്ത്യക്കാരന്‍ ശരാശരി ഇന്‍റര്‍നെറ്റ് ഉപയോഗം 9.73ജിബിയാണ്. ഇത് ആഗോളതലത്തില്‍ ഇത് 4 ജിബിയാണ്. മാത്രമല്ല ഇന്‍റര്‍നെറ്റിനായി ഇന്ത്യക്കാര്‍ ചിലവഴിക്കുന്ന തുകയിലും നാലുവര്‍ഷത്തിനിടെ വലിയ കുറവ് വന്നിട്ടുണ്ട്.

നാല് വർഷം മുൻപ് ഒരു ജിബിക്ക് 225 രൂപയായിരുന്നു വില. പക്ഷെ ഇപ്പോള്‍ ഒരു ജിബിയുടെ വില 11.79 രൂപയായി കുറഞ്ഞു. അതേസമയം ഈ നാല് വര്‍ഷത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗം 56 ശതമാനം വര്‍ദ്ധിച്ചതായി ട്രായി പറയുന്നു. മൂന്നു വർഷം മുൻപ് 4ജിയുടെ കടന്നുവരവോടെയാണ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ മാറ്റം സംഭവിച്ചത് എന്നാണ് ട്രായി പറയുന്നത് .

ഇന്ത്യൻ വിപണിയിൽ ജിയോയുടെ കടന്നുവരവാണ് വലിയ മാറ്റം സൃഷ്ടിച്ചത്. 2018ലെ ഡാറ്റ ഉപയോഗത്തില്‍ 83.85 ശതമാനവും 4ജിയാണ് ഉപയോഗിക്കുന്നത്. അടുത്ത വർഷം ഇന്ത്യയില്‍ 5ജി എത്തിയേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.