ബഹിരാകാശ യാത്രികനെതിരെ സ്വവര്‍ഗ്ഗ പങ്കാളിയുടെ പരാതി; ബഹിരാകാശത്ത് നടന്ന ആദ്യകുറ്റകൃത്യം അന്വേഷിക്കാന്‍ നാസ

single-img
24 August 2019

ബഹിരാകാശത്ത് കുടിയേറ്റത്തിനായി മനുഷ്യന്‍ എത്തുന്നതിന് മുന്‍പ്തന്നെ ആദ്യകുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇത്തരത്തില്‍ ബഹിരാകാശത്ത് നടന്ന ആദ്യകുറ്റകൃത്യം അന്വേഷിക്കാനുളള തയ്യാറെടുപ്പിലാണ് നാസ. നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈനിനെതിരെ സ്വവര്‍ഗ്ഗ പങ്കാളിയായ സമ്മര്‍ വോര്‍ഡന്റ് നല്‍കിയ പരാതിയില്‍ നാസ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

നടന്നിട്ടുള്ളത് സാമ്പത്തിക കുറ്റകൃത്യമാണെങ്കിലും അതിന് പിന്നിലെ സംഭവങ്ങള്‍ രസകരമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള കമ്പ്യൂട്ടറില്‍ നിന്ന് ഗേള്‍ഫ്രണ്ട് ആയ ശാസ്ത്രജ്ഞ, തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു എന്ന ആരോപണമാണ് സമ്മര്‍ വോര്‍ഡന്‍ നല്‍കിയത്. ഇപ്പോള്‍ ആനുമായി അകല്‍ച്ചയിലുള്ള സമ്മര്‍ വോര്‍ഡന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ ആനിനെതിരെ പരാതി നല്‍കി. ബഹിരാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വവര്‍ഗ്ഗാനുരാഗികളായ ആനിയും സമ്മര്‍ വോര്‍ഡനും 2014ലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് സമ്മര്‍ വോര്‍ഡന്റെ ആദ്യ ബന്ധത്തിലുള്ള മകനെ സ്വന്തമാക്കാന്‍ സാമ്പത്തികമായി സഹായിച്ചത് ആന്‍ ആയിരുന്നു. ഈ മകന്റെ ഭാവിയിലെ ചെലവിലേക്കായി താനും സമ്മര്‍ വോര്‍ഡനും ചേര്‍ന്ന് നേരത്തെ സ്വരൂപിച്ച പണം മകന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആന്‍ പറയുന്നു.

പക്ഷെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് താന്‍ ഈ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ബഹിരാകാശ യാത്രിക ആന്‍ മക്ലൈന്‍ പറഞ്ഞു. ഇപ്പോള്‍ ആന്‍ ബഹിരകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇയാള്‍ ആള്‍ ചില്ലറയല്ല, വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ഉന്നത വിജയത്തോടെ ബിരുദം നേടിയ ആന്‍ ഇറാക്ക് യുദ്ധത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

2013ലാണ് ഇവര്‍ നാസയില്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാവുന്നത്. ദൗത്യഭാഗമായി ആറ് മാസത്തോളം ബഹിരാകാശ നിലയത്തില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. യുഎസ്എ, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മനുഷ്യര്‍ക്കും സ്വത്തുക്കള്‍ക്കും അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ ബാധകമാണ്.

ഇതിനുള്ളില്‍ ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാവും ഇവര്‍ക്ക് ശിക്ഷ ലഭിക്കുക. കഴിഞ്ഞ വര്‍ഷമാണ്‌ ആനും വോര്‍ഡനും വേര്‍പിരിഞ്ഞത്. പക്ഷെ ഇപ്പോഴും ഇവര്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. അതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യത്തില്‍ ആന്‍ ഉള്‍പ്പെടുന്നത്.