കാശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിക്കാന്‍ സാധ്യത: ഇമ്രാന്‍ ഖാന്‍

single-img
24 August 2019

കാശ്മീരിലെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘ഇന്ത്യന്‍ അധിനിവേശ കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ്.’- എന്ന് ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേപോലെ തന്നെ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന മാധ്യമറിപ്പോര്‍ട്ടുകളേയും ഇമ്രാന്‍ വിമര്‍ശിച്ചു. അഫ്ഗാനില്‍ നിന്നും ചില ഭീകരവാദികള്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് കണ്ടിരുന്നു. ദക്ഷിണേന്ത്യയിലും ഭീകരവാദി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഈ അവകാശവാദങ്ങളെല്ലാം മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാന്‍ കാശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്.’ – ഇമ്രാന്‍ പറയന്നു.

ഈ മാസം അഞ്ചിനാണ് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതായി ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പക്ഷെ ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത്.