പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ പറപ്പിക്കുന്നതായി പരാതി; വിമാനമെന്ന് സർവകലാശാലയും പോലീസും

single-img
24 August 2019

രാത്രി സമയം ഹരിയാനയിലെ മഹര്‍ഷി ദയാനന്ദ് സർവകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ പറപ്പിക്കുന്നതായി പരാതി. തങ്ങൾ പരാതി നൽകിയിട്ടും പരാതി നല്‍കിയിട്ടും യൂണിവേഴ്സിറ്റി അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാരോപിച്ചുകൊണ്ട് പ്രതിഷേധവുമായി 2500ഓളം പെണ്‍കുട്ടികള്‍ രംഗത്തെത്തി. ഹോസ്റ്റല്‍ മുറികളിലുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതെന്നാണ് ആരോപണം.

പെൺകുട്ടികളുടെ റൂമുകള്‍ക്ക് സമീപം വട്ടമിട്ട് പറക്കുന്ന ഡ്രോണുകള്‍ ചാരപ്പണിക്കാണ് ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ രാത്രി 10 മുതല്‍ ഒരുമണിവരെ ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപം ഡ്രോണ്‍ പറന്നു. സർവകലാശാലാ അധികൃതരും പോലീസും പറയുന്നത് വിമാനമാണ് പറക്കുന്നതെന്നാണ്. എന്നാൽ വിമാനവും ഡ്രോണും കണ്ടാല്‍ ഞങ്ങള്‍ക്ക് തിരിച്ചറിയില്ലേ എന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. ഇതിന് അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

ഡ്രോണ്‍ ഹോസ്റ്റലിന് സമീപം പറക്കുന്നതിന്‍റെ വീഡിയോയും ഫോട്ടോയും കൈയ്യിലുണ്ട്. പരാതിയിൽ പരിശോധനക്കായി എപ്പോള്‍ പോലീസ് എത്തിയാലും ഡ്രോണ്‍ അപ്രത്യക്ഷമാകും. പോലീസ് തിരികെ പോയാല്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.