സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണംകൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചു, യുവാവ് പിടിയില്‍

single-img
24 August 2019

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കൈയ്യോടെ പിടികൂടി. ഇന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശ്ശേരിയില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്. ജിദ്ദയില്‍ നിന്നും വന്ന എയര്‍ അറേബ്യ വിമാനത്തില്‍ ഒരു കിലോ സ്വര്‍ണ ബിസ്‌കറ്റുകളുമായി എത്തിയ തൃശൂര്‍ വണ്ടൂര്‍ സ്വദേശിയാണ് പിടിയിലായത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് 30 ലക്ഷം രൂപ വിലവരും. ബാഗിലെ തേയിലപ്പൊടി പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച് പണം ഉപയോഗിച്ചാണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചു.
പണം ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങിയത് പണമായിതന്നെ കൊണ്ടുവരുവാനുള്ള ബുദ്ധിമുട്ട് മൂലമാണെന്നാണ് ഇയാള്‍ പറയുന്നത്.