ചത്തുപോയ മുതലയ്ക്ക് വേണ്ടി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി ഛത്തീസ്‌ഗഡിലെ ഗ്രാമവാസികൾ

single-img
24 August 2019

ചത്തുപോയ മുതലയ്ക്കായി ക്ഷേത്രം പണിയാൻ ഛത്തീസ്‌ഗഡിലെ ഗ്രാമവാസികൾ. സംസ്ഥാനത്തെ ബവമൊഹത്ര ഗ്രാമത്തിൽ ഇതിനായി കെട്ടിടം പണി പൂർത്തിയായി. ഈ ഗ്രാമത്തിലെ കുളത്തിൽ ഉണ്ടായിരുന്ന 130 വയസുള്ള മുതല ഈ വർഷം ജനുവരിയിലാണ് ചത്തത്.ഒരിക്കൽപോലും മനുഷ്യരെ ആക്രമിച്ചിട്ടില്ലാത്ത മുതലയെ ഗംഗാറാം എന്നാണ് ഗ്രാമവാസികൾ വിളിച്ചിരുന്നത്.

ഈ ജനുവരി എട്ടിനാണ് മുതല ചത്തത്. മുതലയുടെ മൃതശരീരം ഏറ്റെടുക്കാൻ എത്തിയ വനംവകുപ്പ് അധികൃതരെ തിരികെ അയക്കാൻ നാല് മണിക്കൂറിലേറെ നേരം ഗ്രാമവാസികൾ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ പരമ്പരാഗത ആചാരങ്ങൾ പ്രകാരം മുതലയുടെ മൃതശരീരം സംസ്കരിക്കാമെന്നാണ് ഗ്രാമവാസികൾ വനംവകുപ്പ് ജീവനക്കാർക്ക് നൽകിയ മറുപടി. പരിശുദ്ധമായ ആത്മാവായിരുന്നു മുതലയുടേതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. അതിനാൽ ഇത് മനുഷ്യരെ ആക്രമിക്കാതിരുന്നതെന്ന് അവർ വിശ്വസിക്കുന്നു.

നിർമ്മാണശേഷം നർമ്മദ ദേവിയുടെയും മുതലയുടെയും പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്നാണ് ഗ്രാമവാസികൾ വ്യക്തമാക്കിയത്. നിർമ്മാണഘട്ടത്തിൽ തന്നെ നിരവധി പേരാണ് ഇവിടെ പ്രാർത്ഥിക്കാനെത്തിയത്.