ബിജെപി വിശദീകരിക്കാൻ പരുങ്ങുമ്പോൾ വാദിച്ചു ജയിക്കാൻ ജെയ്റ്റ്‌ലി വക്കീൽ എത്തുമായിരുന്നു…

single-img
24 August 2019

ബിജെപി യുടെ ബുദ്ധി കേന്ദ്രമായിരുന്നു അരുൺ ജെയ്റ്റ്‌ലി. പലപ്പോഴും ഉള്ളിലെ വിയോജിപ്പുകൾ പരോക്ഷമായിട്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാറുണ്ടായിരുന്നെകിലും, എക്കാലത്തും ബിജെപി പരിഷ്കരണങ്ങളിലും നിലപാടുകളിലും വിശദീകരിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് വാദിച്ചു നില്ക്കാൻ ജെയ്‌റ്റിലി വക്കീൽ വരുമായിരുന്നു.

വാജ്‌പേയി, നരേന്ദ്രമോദി മന്ത്രിസഭകളിൽ  അംഗമായി. ധനം, പ്രതിരോധം, വാണിജ്യം, നിയമം, വാർത്താവിതരണം, ഷിപ്പിംഗ്, കോർപറേറ്റ് കാര്യം, ഓഹരി വിറ്റഴിക്കൽ എന്നീ പ്രധാന വകുപ്പുകളെ ഭരണത്തിൽ നയിച്ചു.

രണ്ടാം മോദി സഭയിൽ അംഗമാകണം എന്ന് പ്രത്യേക ക്ഷണം ഉണ്ടായിട്ടും ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്വയം ഒഴിഞ്ഞു നിന്നു.
സംഘപരിവാർ ആശയങ്ങളെ ഒപ്പം നിർത്തുമ്പോഴും പാർട്ടിയിലെ  തീവ്രനിലപാടുകളുടെ മുന്നിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മയമുള്ളതായി തോന്നുമായിരുന്നു. പ്രതിപക്ഷം പോലും അംഗീകരിച്ച നേതാവ്. തെറ്റായ പാർട്ടിയിലെത്തിയ ശരിയായ നേതാവ് എന്നുപോലും പ്രതിപക്ഷം വാഴ്ത്തി.

പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലായിരുന്നു അരുൺ ജെയ്റ്റ്‌ലിയുടെ ജനനം, 1952 ഡിസംബർ 28 ന്.  ജെയ്റ്റ്‌ലിയുടെ മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരുന്നത് അവിടെയായിരുന്നു. വിഭജനത്തെ തുടർന്ന് ഉണ്ടായ സാഹചര്യങ്ങളാൽ  ജെയ്റ്റ്‌ലിയുടെ അച്ഛനും അമ്മയും പാകിസ്ഥാനില്‍  നിന്ന് അമൃതസറിലേക്കും അവിടെനിന്നും  ദില്ലിയിലേക്കും മാറി.

ഡൽഹി സർവകലാശാലയിൽ നിന്നും തുടങ്ങിയ നേതൃപാടവമാണദ്ദേഹത്തിന്റേത്. അന്നുമുതൽ എബിവിപി യുമായുള്ള ബന്ധം നിലനിർത്തുന്നു.

വക്കീലായി പ്രവർത്തിക്കുന്ന സമയത്തും ബിജെപി യുടെ പ്രവർത്തങ്ങൾക്ക് സമയം കണ്ടെത്താൻ ജെയ്റ്റിലിക്ക് കഴിഞ്ഞിരുന്നു.

ജയപ്രകാശ് നാരായൺ ‘ നാഷണൽ കൗൺസിൽ ഫോർ സ്റ്റുഡന്റ്സ് ആൻഡ് യൂത്ത് ‘ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി തുടങ്ങിയ സംഘടനയുടെ ആദ്യ സെക്രട്ടറിയായിരുന്നു ജെയ്റ്റ്‌ലി.

അടിയന്തരാവസ്ഥകാലത്ത് അദ്ദേഹം 19 മാസം തടവിലായിരുന്നു. ജയിൽവാസം കഴിഞ്ഞു പുറത്തു വരുമ്പോൾ തന്നെ ജനതാ പാർട്ടിയിൽ ചേർന്ന് സജ്ജീവമായി.

നോട്ടു നിരോധനം, ജി എസ്  ടി , വരുമാനം വെളിപ്പെടുത്തൽ, ആധാർ, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഒന്നാം മോദി  സർക്കാറിന്റെ തീരുമാനങ്ങളെ സ്വാധീനിച്ച  പ്രധാനിയായിരുന്നു. കശ്മീർ പ്രത്യേക പദവി റദ്ദാക്കണമെന്ന് അദ്ദേഹം വാദിച്ചിരുന്നു.

ജമ്മുകശ്മീർ മുൻ ധനമന്ത്രിയും കോൺഗ്രസിന്റെ പ്രധാന നേതാവുമായ ഗിരിധരി ലാൽ ഡോഗ്രയുടെ മകൾ സംഗീതയാണ് ഭാര്യ. രോഹൻ, സൊനാലി എന്നിവരാണ് മക്കൾ. ഇരുവരും അഭിഭാഷകരാണ്.

ഉമാഭാരതി അദ്ദേഹത്തിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സുബ്രമണ്യം സ്വാമിക്കും അദ്ദേഹം പ്രിയങ്കരൻ ആയിരുന്നില്ല.  ബിജെപിയുടെ തീവ്ര ഹിന്ദുത്വ  നിലപാടുകകൾക്കിടയിൽ മൃദു സമീപനം സ്വീകരിക്കുന്ന ഒരാൾ കൂടി വിടവാങ്ങി.