കെവിൻ കൊലക്കേസിൽ ശിക്ഷ വിധിക്കുന്നത് ചൊവാഴ്‌ചത്തേക്ക് മാറ്റി

single-img
24 August 2019

കോട്ടയം: കെവിൻ കൊലക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊല എന്ന് കോടതി  ഈ കേസിനെ നിരീക്ഷിച്ചിരുന്നു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.

ദുരഭിമാനക്കൊല ആണെങ്കിൽ ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു.
ശിക്ഷ സംബന്ധിച്ച് അഭിഭാഷകരുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചത്.

വധശിക്ഷ ഒഴിവാക്കുന്നതിനായുള്ള വാദങ്ങളാണ് പ്രതിഭാഗം ഇന്നുന്നയിച്ചത്.  പ്രതികളുടെ കുടുംബത്തിലെ പശ്ചാത്തലവും, മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന കാര്യവും സൂചിപ്പിച്ചു. അതേസമയം അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

14 പേരുണ്ടായിരുന്ന പ്രതിപ്പട്ടികയിൽ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ  ഉൾപ്പെടെ 10 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നീനുവുന്റെ അച്ഛൻ ചാക്കോ അടക്കം 4 പേരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുകയും ചെയ്തു.

കോട്ടയം സ്വദേശിയായ  കെവിൻ പി ജോസഫും കൊല്ലം സ്വദേശിനിയായ നീനു ചാക്കോയും പ്രണയിച്ച് വിവാഹ കഴിച്ചു. കെവിൻ  താഴ്ന്ന ജാതിയാണെന്ന കാരണത്തിലാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടു പോകുകയും, കെവിനെ കൊലപ്പെടുത്തുകയുമായിരുന്നു. തെന്മലക്കടുത്തുള്ള ചാലിയക്കര ആറ്റിൽ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.