കെവിൻ കൊലക്കേസിൽ ഇന്ന് ശിക്ഷാവിധി

single-img
24 August 2019

കോട്ടയം : കെവിൻ വധക്കേസിൽ ഇന്ന് കോടതി ശിക്ഷ വിധിച്ചേക്കും . കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്. പ്രത്യേക പരിഗണന നൽകി അതിവേഗം വിസ്താരം നടത്തുകയായിരുന്നു.  പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 10 പ്രതികൾ കുറ്റക്കാരാണെന്ന് വിധി പറഞ്ഞിരുന്നു.  ഇന്നത്തെ വാദം നേരത്തെ പൂർത്തിയാക്കാനായാൽ ഇന്ന് തന്നെ ശിക്ഷാവിധിയും ഉണ്ടായേക്കും. കേസ് അത്യപൂർവ്വമായി പരിഗണിച്ച് പ്രതികൾക്കു വധശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ദുരഭിമാനക്കൊലകൾ അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ വരെ നല്കാം എന്നാണ് സുപ്രിം കോടതി മുൻ വിധികളിൽ സൂചിപ്പിച്ചിട്ടുള്ളത്. ഗൂഢാലോചന നടത്തിയുള്ള കൊലപാതകം, തട്ടിക്കൊണ്ടുപോയി വിലപേശൽ തുടങ്ങി വധശിക്ഷ വരെ നല്കാൻ കഴിയുന്ന വകുപ്പുകൾ പ്രതികളുടെ മേൽ ചുമത്തിയിട്ടുണ്ട്. അന്തിമ വിധി മാത്രമാണ് ഇനി കോടതിക്ക് പ്രഖ്യാപിക്കാനുള്ളത്.

കെവിൻ താഴ്‍ന്ന ജാതിയാണെന്ന കാരണത്തിന്മേലാണ് കെവിൻ പ്രണയിച്ചു വിവാഹം കഴിച്ച നീനുവിന്റെ സഹോദരൻ അടങ്ങുന്ന സംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയതും കെവിനെ കൊലപ്പെടുത്തിയതും.

2018 മെയ് 27 ന് കെവിനെ തട്ടിക്കൊണ്ടു പോയി, മെയ് 28 നു കെവിന്റെ മൃതദേഹം തെന്മലക്ക് സമീപമുള്ള ചാലിയക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അതേസമയം നീനുവിന്റെ അച്ഛൻ ചാക്കോയുൾപ്പെടെ 4 പേരുടെ കൊലപാതകത്തിലെ പങ്ക്  സംശയാതീതമായി തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോടതി വെറുതെ വിട്ടിരുന്നു.