ബിരുദശേഷം ജോലിക്ക് വേണ്ടി അലയാതെ സാമൂഹ്യസേവനത്തിന് പോകൂ; വിദ്യാര്‍ത്ഥികളോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

single-img
23 August 2019

ബിരുദംലഭിച്ച ശേഷം ജോലിലഭിക്കുന്നത് നോക്കാതെ സമൂഹത്തെ സേവിക്കുന്നതിനായി പോകുവാൻ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നടന്ന ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

അതോടൊപ്പം തന്നെ രാജ്യത്ത് ഗുരുകുല സമ്പ്രദായം പിന്തുടരേണ്ടത് ആവശ്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.വിദ്യാര്‍ത്ഥികളെ സത്യം പറയുന്ന ശീലമുള്ളവരാക്കാന്‍ ഗുരുകുല സമ്പ്രദായം ഉചിതമാണ്.

ഇവിടെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കും. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാകാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുന്ന ഹര്‍ ഘര്‍ നാല്‍ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്നും യോഗി ആവശ്യപ്പെട്ടു. അതേപോലെ തന്നെ പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്‍ജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ചിലവ് കുറഞ്ഞ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കാനും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും യോഗി പറഞ്ഞു.