മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം; ജയറാം രമേശിനും അഭിഷേക് സിംഗ്‍വിക്കും ശശി തരൂരിന്റെ പിന്തുണ

single-img
23 August 2019

പ്രധാനമന്ത്രി മോദിയെ പൈശാചികനെന്നു വിശേഷിപ്പിക്കുന്ന ശൈലി ഗുണം ചെയ്യില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിഗ്‍വിയുടെയും അഭിപ്രായത്തിന് ശശി തരൂര്‍ എംപിയുടെയും പിന്തുണ. കഴിഞ്ഞ ആറ് വര്‍ഷമായി താനും ഇക്കാര്യം പറയുകയാണെന്നും പ്രധാനമന്ത്രി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണമെന്നും ശശി തരൂര്‍ പറഞ്ഞു.

അങ്ങിനെ ചെയ്‌താല്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയെ വ്യക്തിപരയായി വിമര്‍ശിക്കുന്നതിനെതിരെ ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. അതിന് പിന്തുണയുമായി അഭിഷേക് സിംഗ‍്‍വിയും രംഗത്തെത്തി. രാജ്യത്തെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല യോജന പദ്ധതി നല്ലതായിരുന്നുവെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

മോദി നടത്തുന്ന ഭരണം പൂര്‍ണമായി തെറ്റല്ല. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആര്‍ക്കും ഗുണം ചെയ്യില്ല.കേന്ദ്രസര്‍ക്കാര്‍ എല്ലാം തകര്‍ത്തുവെന്ന് പറയുന്നത് ശരിയല്ലെന്നും ജയറാം രമേശ് പുസ്തക പ്രകാശന ചടങ്ങില്‍ പറയുകയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ മികച്ച പ്രകടനമാണ് രണ്ടാമതും ഭരണത്തിലേറാന്‍ മോദിയെ സഹായിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.