ഗവര്‍ണറുടെ വെല്ലുവിളി സ്വീകരിച്ച് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി; കൂടെ പോകുന്നത് യെച്ചൂരിയും രാജയും ഉള്‍പ്പടെ ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍

single-img
23 August 2019

കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് മുന്നോട്ടുവെച്ച വെല്ലുവിളി സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. അദ്ദേഹത്തോടൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍ജെഡി നേതാവ് മനോജ് ഝാ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ ഉണ്ടാകും. സംഘത്തിന്റെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും കാണും.

ഞങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കാശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂ എന്നായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെല്ലുവിളി. ഞങ്ങള്‍ കാശ്മീരിലേക്കു വരുന്നുണ്ടെന്നും അതിനായി വിമാനമൊന്നും വേണ്ട സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും രാഹുല്‍ മറുപടിയും പറഞ്ഞിരുന്നു.

ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന നേതാക്കളെ കാണുന്നതടക്കമുള്ള നിബന്ധനകളാണ് രാഹുല്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പേ മുന്നോട്ടു വെച്ചിരിക്കുന്നതെന്നുമായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്. സംസ്ഥാനത്ത് നിന്നുള്ള സ്ഥിതിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത കേട്ടിട്ടാവും രാഹുല്‍ പ്രതികരിക്കുന്നത്. അവഗണിക്കാവുന്ന സംഭവങ്ങള്‍ മാത്രമാണ് ഇവിടെയുണ്ടായിരിക്കുന്നത്. കാശ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ ചാനലുകള്‍ അദ്ദേഹം പരിശോധിക്കട്ടെയെന്നും മാലിക് പറഞ്ഞിരുന്നു.

അതേസമയം കാശ്മീരിനുള്ള പ്രത്യേക പദവി ഭരണഘടനയില്‍ നിന്നും റദ്ദാക്കുന്നതിനു മുന്നോടിയായി പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐയുടെ എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കാശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ സാധിച്ചിരുന്നില്ല. ഇരുനേതാക്കളെയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു.