സാമ്പത്തിക രംഗത്തെ മാന്ദ്യം ആഗോളതലത്തിലുള്ള പ്രതിഭാസം; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കാന്‍ വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

single-img
23 August 2019

ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുന്നുവെന്ന ആശങ്കയ്ക്കിടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സാമ്പത്തികരംഗത്ത് നിലവിലുള്ള മുരടിപ്പ് ആഗോളതലത്തിലുള്ള പ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇപ്പോഴുള്ള സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 3.2 ശതമാനമായിരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഇടിവുണ്ടാവും എന്നാണ് കരുതുന്നത്.

പരിഹാരം കാണാൻ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിട്ടും അതിനനുസരിച്ചുള്ള നേട്ടം പലപ്പോഴും സാധാരണക്കാര്‍ക്ക് കിട്ടാത്ത അവസ്ഥയുണ്ട്. ഇത് ഒഴിവാക്കാനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇതിനായി ഭവന-വാഹനവായ്പകളുടെ പലിശ ഉടനെ കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇപ്പോൾ രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്കില്‍ വ്യതിയാനമുണ്ടായേക്കും എങ്കിലും ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇപ്പോഴും ഇന്ത്യ.

ഇപ്പോഴും അമേരിക്കയും ചൈനയും സാമ്പത്തികവളര്‍ച്ചയില്‍ നമ്മളേക്കാള്‍ പിന്നിലാണ്. ഇന്ത്യയിൽ വ്യവസായങ്ങള്‍ തുടങ്ങാനുള്ള സാഹചര്യങ്ങള്‍ കൂടിയിട്ടുണ്ട്. ഇന്ത്യൻ സാമ്പത്തികരംഗത്തിന്‍റെ വളര്‍ച്ച നിലവില്‍ ശരിയായ ദിശയിലാണ്. ജിഎസ്‍ടി വഴിയുള്ള നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനുള്ള ശ്രമം ഇനി നടത്തുമെന്നും നിര്‍മലാ സീതാരാമന്‍ അറിയിച്ചു.

കേന്ദ്രധനമന്ത്രി നടത്തിയ പ്രധാന പ്രഖ്യാപനങ്ങള്‍:

ജനങ്ങൾ വീടും വസ്തുകളും വില്‍ക്കുമ്പോള്‍ ഉള്ള സര്‍ചാര്‍ജ്ജ് ഒഴിവാക്കും

ഒന്നിലധികം മന്ത്രാലയങ്ങള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തു കളയും

2020 മാർച്ച് 20 വരെ വിൽക്കുന്ന ബിഎസ് 4 വാഹനങ്ങൾ രജിസ്ട്രേഷൻ തീരുന്നത് വരെ നിരത്തിൽ ഓടിക്കാം.

നിര്‍മ്മാണം പാതിയിൽ നിലച്ച ഫ്ളാറ്റുകളുടെ കാര്യത്തില്‍ അടുത്ത ആഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കും

ഭവനവായ്പയുടെ പലിശ നിരക്കില്‍ കുറവ് വരുത്തും

ലോണുകള്‍ അടച്ചു തീര്‍ത്താല്‍ അടുത്ത 15 ദിവസത്തിനകം എല്ലാ രേഖകളും ബാങ്കുകള്‍ തിരിച്ചു നല്‍കണം.

പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ ഉടനെ നല്‍കും

ഒക്ടോബര്‍ ഒന്ന് മുതല്‍ ആദായനികുതി നോട്ടീസുകള്‍ ഇനി ഏകീകൃത രൂപത്തില്‍

ജിഎസ്‍ടി നികുതിപിരിവ് കൂടുതല്‍ ലളിതമാക്കും

ചെറുകിട വ്യവസായങ്ങള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് എളുപ്പമാക്കും

നികുതി ഫോമുകളുടെ എണ്ണം ഇനിയും കുറയ്ക്കും