കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത് പോഷകസമൃദ്ധമായ ഭക്ഷണം; യുപിയില്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണം ഗോതമ്പ് റൊട്ടിയും ഉപ്പും

single-img
23 August 2019

ഇന്ത്യയിൽ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിലനില്‍ക്കുമ്പോള്‍. ബിജെപി ഭരിക്കുന്ന യുപിയില്‍ ഗോതമ്പ് അടയും ഉപ്പും. സംസ്ഥാനത്തെ മിസാര്‍പുര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ റൊട്ടിയും ഉപ്പും കഴിക്കുന്ന വീഡിയോ ഇതിനകം വിവാദമായി.

ഇവിടെ സ്‌കൂളിലെ അവസ്ഥ ദയനീയമാണെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പുമാണ് നല്‍കുന്നത്. വല്ലപ്പോഴും ഉപ്പും ചോറും നല്‍കും. അപൂര്‍വമായി മാത്രമാണ് പാല് നല്‍കാറുള്ളത്. ഏത്തപ്പഴം ഇന്നേവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇതുപോലെയാണ് സാഹചര്യങ്ങളെന്നും മാതാപിതാക്കള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ഇയാളാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

വിഷയം അന്വേഷണം നടത്തിയെന്നും റിപ്പോര്‍ട്ട് സത്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. സ്കൂള്‍ ചുമതലയുള്ള അധ്യാപകനും പഞ്ചായത്ത് സൂപ്പര്‍വൈസറുമാണ് പ്രഥമദൃഷ്ട്യാ ഉത്തരവാദികള്‍. അതിനാല്‍ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ സംസ്ഥാനത്താകെ 1.5 ലക്ഷത്തിലധികം പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.സംസ്ഥാനത്താകെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഒരു കോടിയിലേറെ കുട്ടികളാണുള്ളതെന്നും സര്‍ക്കാര്‍ പറയുന്നു.