സാമ്പത്തിക മാന്ദ്യം മത്സ്യമേഖലയിലും; കമ്പനികൾ സമരത്തിൽ; തുറമുഖങ്ങളിൽ മീൻ കെട്ടിക്കിടക്കുന്നു

single-img
23 August 2019

രാജ്യത്തെ സാമ്പത്തിക മാന്ദ്യം മത്സ്യബന്ധന മേഖലയിലും എത്തുന്നു എന്നതിന് സൂചന. കേരളത്തിൽ ഫിഷ് മീൽ പൗഡറും അനുബന്ധ മീൻ ഉൽപന്നങ്ങൾക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കമ്പനികൾ സമരം തുടങ്ങിയതോടെ മത്സ്യമേഖല പ്രതിസന്ധിയിലാണ്. ഇതിനെ തുടർന്ന് കയറ്റി അയക്കാനാവാതെ സംസ്ഥാനത്തെ പല തുറമുഖങ്ങളിലും മീൻ കെട്ടിക്കിടക്കുകയാണ്.

കേരളത്തിൽ ട്രോളിങിനും പ്രളയത്തിനും ശേഷം കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് സമരംകൂടി എത്തിയതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. കയറ്റിവിടാനുള്ള മീനുകൾ മുഴുവനും പെട്ടികളിലാക്കി ഐസിട്ട് വെച്ചിരിക്കുകയാണ്. ഇതിൽ വളമാക്കാൻ മാത്രം ഉപയോഗിക്കാവുന്ന മീൻ മുതൽ മത്തിയും ചെമ്മീനും വരെ കെട്ടിക്കിടക്കുകയാണ്.

തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ഓൾ ഇന്ത്യ ഫിഷ് മീൽ ആന്‍റ് ഓയിൽ മാനുഫാക്ചേർസ് ആന്‍റ് മർച്ചന്‍റ് അസോസിയേഷൻ നടത്തുന്ന സമരമാണ് മത്സ്യത്തൊഴിലാളികളെയാകെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.

കോര എന്ന് പേരുള്ള കിളിമീൻ, മത്തി, അയല തുടങ്ങിയവക്കാണ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വിലയിടിവുണ്ടായത്. കൂടിവന്നാൽ നാല് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാനാവാത്ത മീനുകകൾ വളമാക്കുകയോ കടലിൽ തന്നെ തള്ളുകയോ അല്ലാതെ മറ്റ് വഴിയില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.