ആമസോണ്‍ കാടുകളിലെ തീപിടിത്തം ആഭ്യന്തരപ്രശ്നം; മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല: ബ്രസീല്‍ പ്രസിഡന്‍റ്

single-img
23 August 2019

ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണ്‍ കത്തിയമരുന്നത് ബ്രസീലിന്‍റെ ആഭ്യന്തര പ്രശ്നമാണെന്നും മറ്റുള്ള രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നും ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സനാരോ . ”മറ്റുള്ള രാജ്യങ്ങള്‍ ഇങ്ങോട്ടേക്ക് പണം നല്‍കുന്നു, അത് പക്ഷെ സഹായമായല്ല നല്‍കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടുകയാണ് അവരുടെ ലക്ഷ്യം” – ഫേസ്ബുക്ക് ലൈവില്‍ വന്ന ബോള്‍സനാരോ പറഞ്ഞു.

കാടുകളിലെ തീ അണയ്ക്കാന്‍ അവശ്യായ മാര്‍ഗങ്ങള്‍ ബ്രസീലിന്‍റെ പക്കല്‍ ഇല്ലെന്ന് വ്യാഴാഴ്ച രാത്രി പ്രസിഡന്‍റ് പറഞ്ഞിരുന്നു. ആമസോണ്‍ എന്നത് യൂറോപ്പിനേക്കാള്‍ വലുതാണ്. എങ്ങിനെയാണ് അത്രയും ഭാഗത്തെ തീ അണക്കുക? എന്ന് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചിരുന്നു. വന നശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കിയ പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയത്. പ്രസിഡന്റിന്‍റെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുണ്ട്.

ജനങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരെതിര്‍പ്പും ഉയര്‍ത്താതെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും ആക്ഷേപമുള്ളതാണ്. ബ്രസീല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്.