ഭര്‍ത്താവ് നല്‍കിയ ച്യൂയിംഗം വാങ്ങാതിരുന്ന ഭാര്യയെ കോടതിവളപ്പില്‍ മുത്തലാഖ് ചൊല്ലി

single-img
22 August 2019

കോടതിയിലെ വളപ്പില്‍ ഭര്‍ത്താവ് നല്‍കിയ ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. യുപിയിലെ ലഖ്നൗ സിവില്‍ കോടതിവളപ്പിലാണ് ഇന്ദിരാ നഗര്‍ സ്വദേശി സിമ്മിയെ ഭര്‍ത്താവ് റാഷിദ് മൊഴി ചൊല്ലിയത്. 2004 -ലായിരുന്നു സിമ്മിയും സെയ്ദ് റാഷിദും വിവാഹിതരാകുന്നത്. അതിന് ശേഷം സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിമ്മി കോടതിയില്‍ കേസ് കൊടുത്തിരുന്നു.

ഈ കേസിന്‍റെ വിസ്താരം കേള്‍ക്കാനായി കോടതിയില്‍ എത്തിയതായിരുന്നു സിമ്മിയും ഭര്‍ത്താവും. ഈ സമയം കോടതിവളപ്പില്‍ വച്ച് സിമ്മി അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ റാഷിദ് സിമ്മിക്ക് ചൂയിംഗം നല്‍കി. പക്ഷെ സിമ്മി ഇത് വാങ്ങാന്‍ തയ്യാറാകാത്തതോടെ ക്ഷുഭിതനായ റാഷിദ് ഇവരെ അസഭ്യം പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു. അതിനെ തുടർന്ന് സിമ്മി വാസിര്‍ഖാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റാഷിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് തുടര്‍ നടപടികള്‍ എടുക്കുന്നില്ലെന്നും സിമ്മി ആരോപിച്ചിരുന്നു. അപ്കഷെ ആരോപണം നിഷേധിച്ച പോലീസ് സൂപ്രണ്ട് വികാസ് ചന്ദ്ര ത്രിപാഠി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.