തുഷാര്‍ അജ്മാനില്‍ അറസ്റ്റില്‍; മനപ്പൂർവ്വം കുടുക്കി, നിയമപരമായി നേരിടുമെന്ന് വെള്ളാപ്പള്ളി നടേശൻ

single-img
22 August 2019

അജ്മാനിൽ തുഷാറിനെ മനപ്പൂർവം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾ പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറ‍ഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി വിശദീകരിക്കുന്നു. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്നലെയായിരുന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ വച്ച് അറസ്റ്റിലായത്.

അവിടെ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഏകദേശം പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്. ഇന്ന് വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും.

കേരളത്തിൽ നിന്നുള്ള വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി.