മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ജനാധിപത്യ തത്വങ്ങള്‍ അപകടത്തിലാക്കാന്‍ രാജീവ് ഗാന്ധി അധികാരം ഉപയോഗിച്ചില്ല; കേന്ദ്രസർക്കാരിനെതിരെ ഉദാഹരണവുമായി സോണിയ

single-img
22 August 2019

ഇന്ത്യൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഭരണ കാലയളവ് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.

1984-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിട്ടും ഭയാന്തരീക്ഷം സൃഷ്ടിക്കാനോ ജനങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കാനോ അദ്ദേഹം ശ്രമിച്ചില്ലെന്ന് സോണിയ പറഞ്ഞു. ഡൽഹിയിലെ കെ.ഡി ജാദവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ഷിക ദിന ചടങ്ങിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. തന്റെ പ്രസംഗത്തിൽ ഒരിക്കൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബിജെപി സര്‍ക്കാരിന്റെയോ പേരെടുത്ത് സോണിയ പറഞ്ഞില്ല.

രാജീവ് തനിക്ക് ലഭിച്ച അധികാരം ഭയാന്തരീക്ഷം സൃഷ്ടിക്കാനോ ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും തകര്‍ക്കാന്‍ ഉപയോഗിച്ചിട്ടില്ല. എന്നാൽ, ഈ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കോണ്‍ഗ്രസ് എഴുന്നേറ്റു നിന്ന് എതിര്‍ക്കണമെന്ന് സോണിയ ആഹ്വാനം ചെയ്തു. രാജ്യത്തെ വിഭജനരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെയും ഇന്ത്യയെന്ന ആശയത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെതിരെയും പാര്‍ട്ടി പോരാട്ടം തുടരണമെന്നും അവര്‍ പറഞ്ഞു.