അറസ്റ്റിലായ തുഷാറിന്റെ ആരോ​ഗ്യ നിലയിൽ ആശങ്കയുമായി മുഖ്യമന്ത്രി; കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്തയച്ചു

single-img
22 August 2019

പണം ഇടപാടുമായി ബന്ധപ്പെട്ട് അജ്മാനിൽ തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ പോലീസ് കസ്റ്റഡിയിൽ ഉള്ള തുഷാറിന്റെ ആരോ​ഗ്യ നിലയിൽ ആശങ്ക ഉണ്ടെന്നും നിയമ പരിധിയിൽ നിന്ന് സഹായങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ എൻഡി എയുടെ ഉപാധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളി അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. തുഷാറിനെ കേസിൽ മനപ്പൂർവം കുടുക്കിയതാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്നത്തെ നേരിടുമെന്നും ഇന്ന് രാവിലെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

ഏറെ വർഷങ്ങൾക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറ‍ഞ്ഞ് യുഎഇയിൽ വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി വിശദീകരിക്കുകയുണ്ടായി. ഇന്നലെയായിരുന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ വച്ച് അറസ്റ്റിലായത്. അവിടെ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിലവിൽ തുഷാര്‍ അജ്മാന്‍ ജയിലിലാണ്.