25 റണ്‍സിനിടയില്‍ 3 വിക്കറ്റ് നഷ്ടമായി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ തുടക്കം തകർച്ചയോടെ

single-img
22 August 2019

വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ടതിനെ തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 25 റണ്‍സെടുക്കുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ ഓപ്പണർ മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (2), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (9) എന്നിവരാണ് പുറത്തായത്.

ഇപ്പോൾ ലോകേഷ് രാഹുലും അജിൻക്യ രഹാനെയുമാണ് ക്രീസിലുള്ളത്. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 22.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനായി കെമര്‍ റോച്ച് രണ്ടു വിക്കറ്റും ഷാനൺ ഗബ്രിയേൽ ഒരു വിക്കറ്റും വീഴ്ത്തി.

മഴമൂലം 15 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്. ഇന്ത്യയ്ക്കായി മായങ്ക് അഗർവാളിനൊപ്പം ലോകേഷ് രാഹുൽ ഓപ്പണറുടെ റോളിലെത്തിയപ്പോൾ അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവരും ടീമിൽ ഇടംനേടി. ഫോമിലുള്ള രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ, വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ് എന്നിവര്‍ കളിക്കുന്നില്ല.