ഇടപെടലുകള്‍ ഫലം കണ്ടു;തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി.

single-img
22 August 2019

യുഎഇയിൽ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. വ്യവസായി എം എ യൂസഫലി ഇടപെട്ട് ജാമ്യത്തുക കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച്ച ആയതിനാൽ ഇന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ തുഷാർ ഞായറാഴ്ച വരെ ജയിലിൽ തുടരേണ്ടി വന്നേനെ. ഇക്കാര്യം കണക്കിലെടുത്ത് നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കൊടുവിലാണ് ജാമ്യം സാധ്യമായത്.

വൈദ്യ സഹായമടക്കം സാധ്യമായ നിയമ സഹായവും ഉറപ്പാക്കണം എന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. 20 കോടിയോളം രൂപയുടെ വണ്ടിച്ചെക്ക് നൽകിയ കേസിലാണ് അറസ്റ്റും തുടർന്നുള്ള ജാമ്യവും.

തുഷാറിന്റെ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോയിങ് എന്ന നിർമ്മാണ കമ്പനിയുമായി ബദ്ധപ്പെട്ടതാണ് കേസ്. കമ്പനിയുടെ സബ് കോൺട്രാക്ടറായ നാസിൽ അബ്ദുല്ല നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.

ഇത്ര വലിയ തുകയുടെ കേസ് ആയതിനാൽ തന്നെ ജാമ്യം ലഭ്യമാക്കാൻ വൻ സ്വാധീനം ആവശ്യമായിരുന്നു.

യൂസഫലിയുടെ ഇടപെടലാണ് ജാമ്യം വേഗത്തിൽ സാധ്യമാക്കിയത്. ഒത്തുതീർപ്പിനെന്ന വിധത്തിൽ അജ്മാനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ കേരളം കൺവീനർ കൂടിയാണ് അറസ്റ്റിലായത് എന്നതും, നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനം തുടങ്ങാനിരിക്കുകയാണ് എന്നത് സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിച്ചിരുന്നു.