ജാമ്യം ലഭിക്കാതെ ചിദംബരം; കസ്റ്റഡിയില്‍ വേണമെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു

single-img
22 August 2019

ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. അദ്ദേഹത്തെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐയുടെ ഈ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ശക്തമായ വാദപ്രതിവാദങ്ങളാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതിയിൽ നടന്നത്. ഒരുവേള സ്വന്തമായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് മുൻ ധനമന്ത്രി പി ചിദംബരം കോടതിയിൽ പറഞ്ഞു. സ്വന്തം വാദം ഉന്നയിക്കാൻ ചിദംബരത്തിന് കോടതി അവസരവും നൽകി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരായത്.

സിബിഐ ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍ജി കോടതിയിൽ വാദിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളോടൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‍ജി വാദിച്ചു.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.

ഇതോടൊപ്പം തന്നെ ദില്ലി ഹൈക്കോടതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗർ നടത്തിയ വിധിപ്രസ്താവവും കോടതിയിൽ എസ്‍ജി പരാമർശിച്ചു. സിബിഐയുടെ കസ്റ്റഡിയിൽ ചിദംബരം തുടരേണ്ടതുണ്ടെന്നും എങ്കിലേ അന്വേഷണം ഫലപ്രദമാകൂ എന്നും സിബിഐ. കേസ് ഡയറിയും അന്വേഷണത്തിന്‍റെ നാൾവഴിയും കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു.