“ചിദംബരത്തിൽ” ഗോളടിച്ച ബിജെപിക്ക് നാണക്കേടായി കേരള എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്;തുഷാറിനെ സഹായിക്കാൻ മുഖ്യമന്ത്രിയും രംഗത്തിറങ്ങി;ഒടുവിൽ യൂസഫലി ഇടപ്പെട്ട് ജാമ്യം

single-img
22 August 2019

ഐ എൻ എക്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ചിദംബരം – അമിത് ഷാ അറസ്റ്റ് നാടകം നടക്കുന്നതിനിടയിലാണ് കേരള എൻ ഡി എ കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി യു എ ഇ അജ്മാനിൽ അറസ്റ്റിലായ വിവരം പുറത്തു വന്നത്. 20 കോടിയോളം രൂപയുടെ വഞ്ചന കുറ്റത്തിന്മേൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ല നൽകിയ പരാതിയിലാണ് അറസ്റ്റ്.

ചൊവ്വാഴ്ച വൈകിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്‌യുകയും പിന്നീട് അജ്‌മാൻ ജയിലിലേക്ക് മാറ്റുകയും ചെയ്തു. എന്നാലിക്കാര്യം പുറത്തറിയിച്ചിരുന്നില്ല. ഇന്നലെയാണ് എസ് എൻ ഡി പി നേതാക്കൾ പോലും വിവരമറിയുന്നത്. മോചനം സാധ്യമാകാത്ത സാഹചര്യത്തിൽ ഗത്യന്തരമില്ലാതെയാണ് തുഷാറുമായി അടുത്ത വൃത്തങ്ങൾ സംഭവം പുറത്തറിയിക്കുന്നത്.

വൻ തുകയുടെ കേസായതിനാൽ തന്നെ പ്രമുഖരാരെങ്കിലും ജാമ്യം നിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ മോചനം സാധ്യമാകൂ.

എം എ യുസഫലി ഇക്കാര്യം അറിഞ്ഞയുടൻ തന്നെ ഇടപെടുകയും, ജാമ്യം സാധ്യമാക്കുകയും ചെയ്തു. ഇന്ന് വ്യാഴാഴ്ച ആയതാണ് ദൃതിപ്പെട്ട ഇടപെടലുകൾ വേണ്ടിവന്നത്. ഇന്ന് ജാമ്യം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഞായറാഴ്ച്ചയെ തുഷാർ പുറംലോകം കാണുമായിരുന്നുള്ളൂ.

ഇതിനിടെ മാധ്യമ വാർത്തകളെ മാത്രം അടിസ്ഥാനമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയനും അസാധാരണ ഇടപെടൽ നടത്തി. അദ്ദേഹം കേന്ദ്ര വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കറിന് പ്രത്യേക അഭ്യർത്ഥന എന്ന നിലക്ക് കത്തയച്ചു. കേന്ദ്രം ഭരിക്കുന്ന മുന്നണി (എൻ ഡി എ) യുടെ കേരള കൺവീനർ ആണ് തുഷാർ. പ്രമുഖ വ്യക്തി എന്ന നിലയ്ക്കാകണം വൈദ്യ സഹായവും , നിയമപരമായി നൽകാൻ കഴിയാവുന്ന എല്ലാ സഹായവും സാധ്യമാക്കണം എന്നും കാട്ടി പിണറായി കത്തയച്ചത്.

ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷനായ തുഷാർ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എതിർ സ്ഥാനാർഥി ആയതോടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന നേതാവായിരുന്നു.

തുഷാർ വെള്ളാപ്പള്ളി വഞ്ചനാക്കുറ്റത്തിന് മറ്റൊരു രാജ്യത്തു അറസ്റ്റിലാവുന്നത് ബിജെപി നേതൃത്വം നൽകി ഭരിക്കുന്ന മുന്നണിയെ സംബന്ധിച്ച് അഭിമാന പ്രശ്നം കൂടിയാണ്. പണമിടപാട് തർക്കം ഒത്തുതീർക്കാൻ തുഷാറിനെ വിളിചു വരുത്തി അറസ്റ്റ് ചെയ്തു എന്നാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യത്തിൽ പറഞ്ഞത്.

തുഷാറിന്റ യു എ ഇ ആസ്ഥാനമായ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് 10 വർഷം മുൻപുള്ള ചെക്ക് കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദർശിക്കാനിരിക്കെയാണ് നാണക്കേടായ ഈ സംഭവം. വ്യവസായ പ്രമുഖൻ യൂസഫലിയുടെ ഇടപെടൽ മൂലം ജാമ്യം കിട്ടിയതിന്റെ ആശ്വാസത്തിലാണ് ബി ഡി ജെ എസ് – ബിജെപി നേതൃത്വം.