ബ്രസീൽ ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപ്പിടിത്തം; ബഹിരാകാശത്ത് നിന്നും കാണാമെന്ന് നാസ

single-img
22 August 2019

ബ്രസീലിൽ സ്ഥിതിചെയ്യുന്ന ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപ്പിടിത്തം. ഇക്കുറി റിക്കാര്‍ഡ് തീപ്പിടിത്തമാണ് ഉണ്ടായതെന്ന് ബ്രസീലിയന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ബ്രസീലിന്റെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ആമസോണിനു സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുകയാണ്. തീപ്പിടിത്തത്തിന്റെ വ്യാപ്തി സംബന്ധിച്ചു ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ബ്രസീലിൽ നിന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018-ല്‍ ഇതേ കാലയളവില്‍ ഉണ്ടായ തീപ്പിടിത്തത്തേക്കാള്‍ 83 ശതമാനം കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,843 ത്തിലധികം തീപ്പിടിത്തങ്ങളാണ് ഉണ്ടായതെന്ന് ഇന്‍പെ പറയുന്നു. ഇവയിൽ 9,500-ല്‍ അധികം ഇടങ്ങളിലുണ്ടായ കാട്ടുതീ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടതാണ്. രാജ്യത്തെ വടക്കന്‍ സംസ്ഥാനമായ റോറൈമ ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല, തീപ്പിടിത്തം ബഹിരാകാശത്തുനിന്നു കാണാന്‍ സാധിക്കുമെന്ന് നാസ പറയുന്നു.

രാജ്യത്ത് വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നു പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ഏജന്‍സിയുടെ തലവനെ പുറത്താക്കി ആഴ്ചകള്‍ കഴിയും മുന്പാണ് ആമസോണ്‍ കാടുകളിലെ വന്‍ തീപ്പിടിത്തമുണ്ടാകുന്നത്. ഇവിടുള്ള വനങ്ങള്‍ മുറിച്ചുമാറ്റാന്‍ മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്നു വനസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.