സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്: എംജിയിൽ വന്‍ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ ; രണ്ട് പതിറ്റാണ്ടിന് ശേഷം കാലടിയില്‍ കെഎസ്‍യു

single-img
21 August 2019

മഹാത്മാ ഗാന്ധി സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ആധിപത്യം. കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഭൂരിഭാഗം അഫിലിയേറ്റഡ് കോളേജുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ വിജയിച്ചത്. കോട്ടയം ജില്ലയിൽ 37 ൽ 37 ഇടത്തും എസ്എഫ്ഐ വിജയിച്ചു.

എറണാകുളത്ത് മത്സരിച്ച 41-ൽ 37 ഇടത്ത് എസ്എഫ്ഐയാണ് വിജയം കണ്ടത്. പത്തനംതിട്ടയിലാകട്ടെ 16 ൽ 14 കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചു. എറണാകുളം മഹാരാജാസ്, മാല്യങ്കര എസ്എൻഎം കോളേജ്, കൊച്ചിൻ കോളേജ്, വൈപ്പിൻ ഗവ. കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

അതേസമയം കാലടി ശ്രീശങ്കര സർവകലാശാലാ യൂണിയൻ രണ്ട് പതിറ്റാണ്ടിന് ശേഷം കെഎസ്‍യു നേടി. ഇതിനു പുറമെ ആലുവ യുസി കോളേജ്, കോതമംഗലം എംഎ കോളേജ് എന്നിവിടങ്ങളിലും കെഎസ്‍യു ജയിച്ചു. ആലപ്പുഴയിൽ എടത്വാ സെന്‍റ് അലോഷ്യസ് കോളേജിൽ 14-ൽ 13 സീറ്റും എസ്എഫ്ഐക്കാണ്.