പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന ഫേസ്ബുക്ക് പോസ്റ്റ്; സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് 25000 രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും ജാമ്യം

single-img
21 August 2019

പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഇടരുതെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ കോട്ടയം സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് 25000 രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും കോടതി ജാമ്യം അനുവദിച്ചു. ഏറ്റുമാനൂരെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇദ്ദേഹത്തിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കോട്ടയം ഗാന്ധിനഗര്‍ പോലീസായിരുന്നു സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐ.പി.സി 153, കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്.

പരാതി നൽകിയതിനെ തുടര്‍ന്ന് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പരാതിക്കാരന്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്നലെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരായ ഇദ്ദേഹത്തിന് 25000 രൂപ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.