മാധ്യമപ്രവർത്തകന്റെ കൊലപാതകം; അപകടം നടന്ന് ഒരു മിനിറ്റിനുള്ളിൽ പോലീസ് സംഭവസ്ഥലത്ത് എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
21 August 2019

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ നുണയെന്ന് തെളിയുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരനില്‍ നിന്ന് വിവരം കിട്ടാന്‍ വൈകിയതുകൊണ്ടാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് പറഞ്ഞിരുന്നത്.

പക്ഷെ അപകടം സംഭവിച്ചശേഷം 59 സെക്കന്റുകള്‍ക്കുള്ളില്‍ പോലീസ് സംഭവസ്ഥലത്ത് എത്തിയെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങളാണ് ഇന്ന് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. അപകടം നടന്ന സ്ഥലത്തിന്റെ സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടം നടന്നയുടനെ പോലീസ് എത്തിയതായ വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.

അപകടസ്ഥലത്തു പോലീസ് ഉടൻ എത്തിയെങ്കിലും എഫ്ഐആര്‍ ഇട്ടത് രാവിലെ 7.17 നാണ്. ഇത് അപകടം അറിയാന്‍ വൈകിയതുകൊണ്ടല്ല പകരം മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.അതേപോലെ ദൃക്‌സാക്ഷികള്‍ ആരും ശ്രീറാമിനെതിരെ മൊഴി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് കേസെടുക്കാതിരുന്നത് എന്ന് പോലീസ് ആദ്യം വിശദീകരിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷിയെ പോലീസ് വിട്ടുകളഞ്ഞെന്നും ദൃശ്യം വ്യക്തമാക്കുന്നുണ്ട്.

അപകടം സംഭവിക്കുമ്പോൾ ബഷീറിന്റെ തൊട്ടുപിറകിലായി മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഉണ്ടായിരുന്നു. ഇത് സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. അപകടം കണ്ടയുടനെ ഇയാള്‍ ആക്ടീവ നിര്‍ത്തി തിരിച്ചുപോകുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്. എന്നാൽ ഈ ദൃശ്യങ്ങളില്‍ നിന്നല്ലാതെ ഇയാളെ കുറിച്ചുള്ള ഒരു സൂചനകളും പുറത്തുവന്നിട്ടില്ല. ഈ വ്യക്തി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നോ പോലീസ് അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.