മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം അറസ്റ്റില്‍

single-img
21 August 2019

ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം അറസ്റ്റില്‍. അൽപ സമയംമുൻപ് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് 20 അംഗ സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്യപ്പെടും എന്ന അഭ്യൂഹങ്ങൾക്കിടെ വൈകിട്ട് പി ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

വാർത്താ സമ്മേളനത്തിൽ കേസിൽ താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്ഐആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു. വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സിബിഐ സംഘം വീടിന്‍റെ മതില്‍ ചാടിക്കടന്ന് എത്തുകയായിരുന്നു.

തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. സിബിഐയുടെ അറസ്റ്റില്‍ നിന്ന് സംരക്ഷണം നേടാന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത് മുതല്‍ അനിശ്ചിതാവസ്ഥയായിരുന്നു. ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് എൻ വി. രമണയ്ക്ക് മുന്നിൽ ഹർജിക്കാര്യം മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചെങ്കിലും ഇടപെടാൻ തയാറായില്ല.