യുഎന്‍എയിലെ അഴിമതി; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്; ജാസ്മിന്‍ ഷാ ഒളിവില്‍

single-img
20 August 2019

നഴ്സുമാരുടെ സംഘടനയായ യുഎന്‍എയില്‍ നടന്ന സാമ്പത്തിക അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ സംഘം നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഘടനയ്ക്ക് എതിരെയുള്ള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റ് ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പിഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

യുഎന്‍എയില്‍ നടന്ന പണപ്പിരിവുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും സംഘടനയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു. അതേപോലെ തന്നെ, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎന്‍എ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ വാദിച്ചു.

എതിര്‍ഭാഗം നല്‍കിയറെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും അതിലൊന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്. ഈ കേസ് ഇനിയും അനന്തമായി നീളുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. അതിനെ തുടര്‍ന്നാണ്‌ പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

കേസിലെ പ്രതിയായ യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷായെ എന്തു കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ മറുപടി. കേസില്‍ മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.