പ്രതിസന്ധി ഘട്ടം കഴിഞ്ഞു; മഞ്ജുവാര്യരും സംഘവും മണാലിയിലേക്ക് യാത്ര തിരിച്ചു

single-img
20 August 2019

കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി. ഇവരുടെ സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഓഫീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി വി മുരളീധരന്‍ നേരത്തെ ഇക്കാര്യം സംസാരിച്ചിരുന്നു. ഏകദേശം ഇരുപത്തിരണ്ട് കിലോമീറ്റര്‍ യാത്രചെയ്ത് എത്താവുന്ന ബേസ് ക്യാമ്പായ കൊക്സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു.

സിനിമാ സംഘം കുടുങ്ങിയ സ്ഥലത്ത് സബ് കളക്ടര്‍ എത്തുകയും ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കി. ഇപ്പോൾ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. തുടർന്ന് ബേസ് ക്യാമ്പിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു. ചിത്രീകരണസംഘമടക്കം 140 ഓളം പേരാണ് ഛത്രുവില്‍ അകപ്പെട്ടിരുന്നത്.

ഡൽഹിയിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. സിനിമാ സംഘം കുടുങ്ങിയ ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട് ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്പത്ത് നേരത്തേ അറിയിച്ചിരുന്നു.