മിസ്ഡ്‌ കോളില്‍ മെമ്പറാക്കാൻ സാധിക്കില്ല; ലക്‌ഷ്യം പൂര്‍ത്തീകരിക്കാനാകാതെബിജെപി കേരളത്തിലെ അംഗത്വ വിതരണ ക്യാമ്പെയിന്‍ നീട്ടുന്നു

single-img
20 August 2019

ബിജെപിയുടെ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച അംഗത്വം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കേരളത്തിലെ അംഗത്വ വിതരണ ക്യാമ്പെയിന്‍ നീട്ടുന്നു. ഇപ്പോൾ 15 ലക്ഷം അംഗങ്ങളാണ് ബിജെപി.യിൽ ഉള്ളത്. അതിൽ തന്നെ 20 ശതമാനം വർധന വരുത്തിയാൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും. പാർട്ടിയിലെ അംഗത്വം കാൽക്കോടിയെങ്കിലും ആക്കിയാൽ നേതൃത്വത്തിന് കേന്ദ്രത്തിനു മുന്നിൽ പറഞ്ഞ് നിൽക്കാനാവും. ഈ മാസം 21-ന് അംഗത്വ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും നീട്ടേണ്ടി വരും.

ഇന്ന് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തും. കേരളത്തിലെ അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. നേതൃത്വം. അംഗത്വം 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും ആ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയില്ലെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവൻ പാർട്ടി അംഗങ്ങളാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് നേതാക്കൾതന്നെ പറയുന്നത്.ശബരിമലയിൽ ഉൾപ്പെടെ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ ഉണ്ടായ സ്വീകാര്യത മുതലാക്കാനാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇതിന് മുൻപ് മിസ്ഡ്‌ കോളടിപ്പിച്ച് മെമ്പറാക്കാൻ കഴിയുമെങ്കിൽ ഇപ്പോൾ അത് പറ്റില്ല.

അംഗത്വത്തിനായി അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാൻ. മാത്രമല്ല, ഒരു ഫോണിൽനിന്ന് ഒരാളുടെ ചിത്രം മാത്രമെ അയയ്ക്കാൻ സാധിക്കുകയുള്ളു. കൂട്ടായ പ്രയത്നം ഉണ്ടെങ്കിൽ മാത്രമെ അംഗത്വ വിതരണം ഉദ്ദേശിച്ച നിലയിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു. ആദ്യം അപേക്ഷാ ഫോറത്തിൽ വിവരങ്ങൾ ശേഖരിച്ച് പിന്നീട് ഓൺലൈനാക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്.

ബിജെപിയുടെ പോഷക സംഘടനകളായ യുവമോർച്ചയും മഹിളാ മോർച്ചയും കർഷക മോർച്ചയും ന്യൂനപക്ഷ മോർച്ചയുമെല്ലാം സ്വന്തം നിലയിൽ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിച്ചു.അതിൽ യുവാക്കൾക്കായി കോളേജ് കാമ്പസിനു പുറത്ത് ബുത്തുകൾ കെട്ടിയാണ് അംഗത്വ ക്യാമ്പയിൻ നടക്കുന്നത്.ഇതോടൊപ്പം. ബിജെപി.യിൽ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. അടുത്ത മാസം 11 മുതൽ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒക്ടോബറിൽ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറിൽ ജില്ല-സംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.