Movies

മഴ കനത്തു; മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ‘കയറ്റം’ സിനിമാ സംഘം ഹിമാചലിലെ ചത്രയില്‍ കുടുങ്ങി

മഴ കനത്തതിനെ തുടർന്ന് ഹിമാചലിലെ ചത്രയിൽ മലയാള സിനിമയായ ‘കയറ്റം’ ടീമിലെ മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമുള്‍പ്പെടെയുള്ള ആളുകൾ കുടുങ്ങി. സിനിമയുടെ ഷൂട്ടിങ്ങിനായി ഹിമാചലില്‍ എത്തിയതായിരുന്നു ഇവര്‍. ഈ സംഘത്തില്‍ 30 പേര്‍ ആണ് ഉള്ളത്. ഹിമാലയം കേന്ദ്രീകരിച്ചാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയായി ഇവര്‍ ഇവിടെ ചിത്രീകരണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തെ മഴയെ തുടര്‍ന്ന് പ്രദേശത്തെ റോഡ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. പ്രദേശത്തെ റോഡ് ഒലിച്ചുപോയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവും സാധ്യമായിട്ടില്ല.മണാലിയില്‍ നിന്നും മൂന്ന് കിലോമിറ്റീര്‍ മാറിയാണ് സ്ഥലം. ഇന്നലെ സഹായ അഭ്യർത്ഥനയുമായി മഞ്ജു വാര്യര്‍ സഹോദരനെ ബന്ധപ്പെട്ടിരുന്നു.

തങ്ങള്‍ക്കൊപ്പം 200 അംഗ സംഘം ച്ഛത്രയില്‍ കുടുങ്ങിയിട്ടുണ്ടെന്നും മഞ്ജു അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ മഞ്ജു വാര്യരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് മധു വാര്യര്‍ പറഞ്ഞു. ഇനി രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്നും ഏതെങ്കിലും നീക്കം നടത്താന്‍ പറ്റുമെങ്കില്‍ അത് ചെയ്യണമെന്നും മഞ്ജു വാര്യര്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മധു വാര്യര്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരനുമായി സംസാരിക്കുകയും എത്രയും പെട്ടെന്ന് സഹായം എത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും കുടുംബം പ്രതികരിച്ചു.

പ്രദേശത്ത് വാര്‍ത്താവിനിമയം സാധ്യമാകാത്ത അവസ്ഥയാണ് ഉള്ളത്. പല സ്ഥലങ്ങളിലും ഒലിച്ചുപോയ റോഡ് പുനിര്‍നിര്‍മിച്ചും മറ്റുമാണ് സൈന്യമുള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ഈ വിഷയം ഹിമാചല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് പ്രതികിച്ചത്കരിക്കുകയുണ്ടായി.