ജന്മനാട്ടില്‍ പ്രവേശിക്കാന്‍ അനുമതിയില്ല; ഗുലാം നബി ആസാദിനെ ജമ്മു എയര്‍പോര്‍ട്ടില്‍ വെച്ച് തിരിച്ചയച്ചു

single-img
20 August 2019

ജന്മനാട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദിനെ ജമ്മു എയര്‍പോര്‍ട്ടില്‍ വെച്ച് തലസ്ഥാനത്തിലേക്ക് തിരിച്ചയച്ചു. ഇതിന് മുന്‍പ് ഈ മാസം 8നും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തെ അധികൃതര്‍ തിരിച്ചയച്ചിരുന്നു.

ഈ നടപടിക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. ‘നമ്മുടെ ജനാധിപത്യത്തിന് ഒട്ടും യോജിക്കുന്നതല്ല ഇത്. നമ്മുടെ മുഖ്യധാര രാഷ്ട്രീയ കക്ഷികളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് കടത്തി വിടുക. കാശ്മീരില്‍ മൂന്നു മുഖ്യമന്ത്രിമാരെ തടങ്കലിലാക്കിയിരിക്കുകയാണ്. ഒരു മുന്‍ മുഖ്യമന്ത്രിയെ സംസ്ഥാനത്തേക്ക് പ്രവേശിക്കാനും അനുവദിക്കുന്നില്ല. ഇത് അസഹിഷ്ണുതയാണ്. ‘ ഗുലാം നബി ആസാദ് പറഞ്ഞു.

ഏകദേശം രണ്ട് മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചതിന് ശേഷമാണ് ഗുലാം നബി ആസാദിനെ തിരിച്ചയച്ചതെന്ന് കാശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മദന്‍ ലാല്‍ ശര്‍മ്മ, താരാ ചന്ദ്, ജുഗല്‍ കിഷോര്‍ എന്നിവര്‍ക്കൊപ്പം ഗുലാം നബി ആസാദിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയെങ്കിലും അകത്ത് കയറാന്‍ അനുവദിച്ചില്ലെന്ന് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം അഹ്മദ് മിറും രമണ്‍ ഭല്ലയും നിലവില്‍ വീട്ടു തടങ്കലിലാണ്.