Sports

വിലക്ക് നീങ്ങിയ ശ്രീശാന്ത് കേരളാ ടീമിൽ കളിക്കുമോ?; പരിഗണിക്കുമെന്ന് സൂചന

വിലക്ക് പൂര്‍ണ്ണമായി നീങ്ങിയ ശേഷം കേരള ക്രിക്കറ്റ് ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവ് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച ശേഷം പ്രതികരിക്കുകയായിരുന്നു ജയേഷ്. വിധിയെ തുടര്‍ന്ന് അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും.

നിലവില്‍ കേരള ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് ജയേഷ് പറഞ്ഞു. ‘നമ്മുടെ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ് ശ്രീശാന്ത്. കേരളത്തിന്‍റെ ക്രിക്കറ്റില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. ശ്രീശാന്തിന്റെ പരിചയസമ്പത്ത് വളര്‍ന്നുവരുന്നു താരങ്ങള്‍ക്ക് ഗുണം ചെയ്യും.

വീണ്ടും ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്ന് ശ്രീശാന്തിന് വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിനുള്ള കഴിവ് എല്ലാവര്‍ക്കും അറിയുന്നതാണ്. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ശ്രീശാന്ത്. ഇപ്പോഴും ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നു. ഇനിയും എപ്പോള്‍ വേണമെങ്കിലും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ സാധിക്കും. വിലക്ക് പൂര്‍ണ്ണമായി കഴിയുന്നയുടനെ ശ്രീശാന്തിനെ പരിഗണിക്കും.’ – അദ്ദേഹം പറഞ്ഞു.