ഇന്ത്യ-പാക് സംഘർഷം; അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടല്‍

single-img
20 August 2019

ഇന്ത്യ ഭരണ ഘടനയിൽ നിന്നും കാശ്‍മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് മൂര്‍ച്ഛിച്ച ഇന്ത്യ-പാക് സംഘര്‍ഷത്തിന് അറുതി വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടല്‍. ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.
മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയസാഹചര്യവും ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും മോദിയുമായി ട്രംപ് ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്‍താവനയിലൂടെ അറിയിച്ചു.

ഇതിൽ മോദി-ട്രംപ് സംഭാഷണം അരമണിക്കൂറോളം നീണ്ടുവെന്നാണ് സൂചന. ജമ്മു കാശ്‍മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഇരുരാഷ്ട്രത്തലവന്‍മാരുമായും സംസാരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ആദ്യം സംസാരിച്ച ശേഷം ഇമ്രാനെ ബന്ധപ്പെട്ട ട്രംപ് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോടും ടെലിഫോണില്‍ സംസാരിച്ചു. കാശ്മീരുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ തന്നെ ഇന്ത്യാവിരുദ്ധ പ്രസ്‍താവന നടത്തുന്ന സാഹചര്യം സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണെന്ന് മോദി ട്രംപിനോട് പറഞ്ഞതായാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

മാത്രമല്ല, കാശ്‍മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാട് ട്രംപിനെ കൃത്യമായി ധരിപ്പിച്ച മോദി കാശ്മീരിൽ സമാധനപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്‍റേയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യേണ്ടതിന്‍റേയും ആവശ്യകത ട്രംപിനെ ധരിപ്പിച്ചു. ഇതിന് ശേഷം ഇമ്രാന്‍ ഖാനെ വിളിച്ച ട്രംപ് കടുത്ത പ്രസ്‍താവനകള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹാരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. പുറമേ, പാകിസ്‌താനുമായുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനവും ട്രംപ് ഇമ്രാന് നല്‍കി.