സംസ്ക്കരിക്കാന്‍ നല്‍കിയ മനുഷ്യ ശരീര ഭാഗങ്ങൾ പാടശേഖരത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ; രണ്ടുപേർ പിടിയിൽ

single-img
19 August 2019

മരണശേഷം എബാം ചെയ്ത് സംസ്കരിക്കാന്‍ നല്‍കിയ മനുഷ്യ ശരീരങ്ങള്‍ ബക്കറ്റില്‍ പാടത്ത് ഉപേക്ഷിച്ച നിലയില്‍, കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലാണ് സംഭവം. പ്രദേശത്തെ ചാലാകരി പാടത്ത് ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയിലാണ് മനുഷ്യ ശരീരത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

കോട്ടയം മെഡിക്കൽ കോളജ് ഭാഗത്തെ ഡ്രൈവർമാരായ അമയന്നൂർ താഴത്തേൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് മടുക്കുംമൂട് ചിലമ്പത്തുശേരിൽ ക്രിസ്മോൻ ജോസഫ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം രാവിലെ ആർപ്പൂക്കര–സൂര്യാക്കവല–മണിയാപറമ്പ് റോഡിൽ ചാലാകരി പാടശേഖരത്തിലെ പുതുശേരിയിൽ ആളൊഴിഞ്ഞ ഭാഗത്ത് മൃതദേഹം എംബാം ചെയ്തതിന്റെ അവശിഷ്ടങ്ങളാണ് വഴിയരികിൽ തള്ളിയിരുന്നത്.

കണ്ടെത്തിയ ശരീരഭാഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഉപകരണങ്ങളില്‍ ആശുപത്രിയുടെ മേല്‍വിലാസമുണ്ടായിരുന്നതാണ് പോലീസ് അന്വേഷണത്തെ സഹായിച്ചത്. ഇവിടേക്ക് അവശിഷ്ടങ്ങൾ എത്തിച്ച ആംബുലൻസ് പിടിച്ചെടുത്തു. എൺപത്തിനാലു വയസുള്ള ആളുടെ മൃതദേഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇതെന്നും 17നാണ് ഇതു തള്ളിയതെന്നും പോലീസ് പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നു മറവു ചെയ്യാനായി നൽകിയതാണ് ഇവ. സംസ്ക്കരിക്കാനുള്ള ചെലവിലേക്ക് 15,000 രൂപ ഇവർക്കു നൽകിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തോടെ പശുവിനെ കെട്ടാൻ പോയ വീട്ടമ്മയാണ് ഇവ കണ്ടത്. തുടർന്ന് ഇതുവഴി വന്ന ആർപ്പൂക്കര പഞ്ചായത്തിന്റെ ജീപ്പ് തടഞ്ഞ് ഇവർ വിവരം പറഞ്ഞതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് വിവരം പോലീസിൽ അറിയിച്ചു. പോലീസും തുടർന്ന് ഫൊറൻസിക് അധികൃതരും സ്ഥലത്തെത്തിയി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്.