സോനം രാജ്യദ്രോഹി,പാകിസ്താനിലേക്ക് പോകണം; ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ സോനം കപൂറിനെതിരെ സോഷ്യല്‍ മീഡിയ

single-img
19 August 2019

കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച ബോളിവുഡ് നടി സോനം കപൂറിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. സോനത്തെ അധിക്ഷേപിച്ചും അവരുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തുമാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. സോനം ഒരു രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്ക് പോവണമെന്നും ട്വിറ്ററില്‍ ആവശ്യപ്പെടുന്നു.
ഇത് #SonamKapoor എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമാവുകയും ചെയ്തു.

കാശ്മീര്‍ വിഷയത്തെ തുടര്‍ന്ന് പാകിസ്താനില്‍ ബോളിവുഡ് ചിത്രങ്ങള്‍ നിരോധിക്കുകയുണ്ടായി. ഇതിനെ സംബന്ധിച്ച് ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കുമായി സംസാരിക്കവെ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്. അഭിമുഖത്തില്‍ സോനത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു:

‘ കാശ്മീര്‍ സംബന്ധിച്ച ഈ വിഷയം കടന്നുപോകുന്നതു വരെ മൗനം പാലിക്കുന്നതാണ് നല്ലത്. കാരണം, ഇതും കടന്നുപോകണം. 70 വര്‍ഷങ്ങള്‍ക്ക്മുന്‍പ് നമ്മള്‍ ഒരു രാജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമാണ്. അത് സങ്കടകരമാണ്. എനിക്ക് ഇപ്പോഴും ഇതേക്കുറിച്ച് മനസിലായിട്ടില്ല.
തികച്ചും പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് അതേപ്പറ്റി പുറത്തുവരുന്നത്. എന്താണ് സത്യം എന്ന്എനിക്കറിയില്ല. സമാധാനപരമായ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പൂര്‍ണമായ വിവരം ലഭിച്ചതിനു ശേഷം ഞാന്‍ അതിനെപ്പറ്റി അഭിപ്രായം പറയാം’.

താന്‍ പാതി സിന്ധിയും പകുതി പെഷാവറിയും ആണെന്നും സോനം പറഞ്ഞു. ഒരു കലാകാരി എന്ന നിലയില്‍ തന്റെ സിനിമ ലോകത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും നിരോധനത്തില്‍ നിരാശയുണ്ടെന്നും സോനം പറഞ്ഞു. തനിക്ക് പാകിസ്താനിലും ആരാധകരുണ്ടെന്നും തന്റെ അടുത്ത രണ്ട് സുഹൃത്തുക്കള്‍ മുസ്‌ലിംങ്ങളും അര്‍ധ പാകിസ്താനികളുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.