കാശ്മീരുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍; ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പരാതി

single-img
19 August 2019

ജമ്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകന്‍ അലാഖ് അലോക് ശ്രീവാസ്തവ. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയില്‍ നിന്നും കാശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്ത ശേഷം കാശ്മീരിലെ നിലവിലെ സ്ഥിതിയുമായി ബന്ധപ്പെട്ട ഷെഹ്‌ലയുടെ ആരോപണങ്ങള്‍ക്കെതിരെയാണ് അഭിഭാഷകന്റെ പരാതി.

ഷെഹ്‌ല അവരുടെ സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ശ്രീവാസ്തവയുടെ പരാതി. മാത്രമല്ല, ഷെഹ്‌ലയെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്‌ല ഉയര്‍ത്തിയ ആരോപണം

‘രാജ്യത്തിന്റെ സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. സാധാരണക്കാരുടെ വീടുകള്‍ തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു’ എന്നും ഇവര്‍ ആരോപിച്ചിരുന്നു. കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താനായി സൈന്യം പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. എന്നാല്‍ ഷെഹ്‌ല ഉയര്‍ത്തിയ ആരോപണങ്ങള്‍ സൈന്യം തള്ളിയിരുന്നു.