ലഡാക്കുമായി ചേരാൻ ഉപാധികൾ വെച്ച് കാർഗിൽ ആക്ഷൻ കൗൺസിൽ; പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ശ്രമം

single-img
19 August 2019

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നീക്കിയതുവഴി പുതിയ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്‍റെ ഭാഗമാക്കുന്നതിനെതിരെ കാർഗിൽ നിവാസികളുടെ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കാർഗിൽ ആക്ഷൻ കൗൺസിലുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തും.

സംസ്ഥാനത്തെ മലയോരമേഖലകൾക്ക് നല്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ നിലനിർത്തും എന്ന വാഗ്ദാനമാണ് സർക്കാർ നൽകുന്നത്. ഇന്ത്യ – പാക് യുദ്ധത്തിന് സാക്ഷ്യം വഹിച്ച ഇടമാണ് കാ‍ർഗിൽ. ഇവിടെ ദ്രാസും കാർഗിലും ഉൾപ്പെട്ട ജില്ല ലഡാക്കിനോട് ചേർക്കുന്നതിനെതിരെയുണ്ടായ ഒരാഴ്ച നീണ്ട പ്രതിഷേധങ്ങൾക്ക് ഇപ്പോൾ ശമനമുണ്ട്.

പ്രദേശത്തെ സ്കൂളുകൾ തുറന്നുവെങ്കിലും ഇന്‍റർനെറ്റ് പുനസ്ഥാപിച്ചിട്ടില്ല. അതേസമയം ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രണം നീക്കി. സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ളവർ ജോലിയും ഭൂമിയും കൈക്കലാക്കും എന്നാണ് ജനങ്ങളുടെ ആശങ്ക. ഇതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. അതിന്റെ നേതൃത്വം നല്‍കുന്നത് അൻജുമൻ ഇ ജമാഅത്ത് ഉലമയും.

ഏകദേശം ഒന്നരലക്ഷം കാർഗിൽ നിവാസികളിൽ 90 ശതമാനം മുസ്ലിം വിഭാഗം നിന്നുള്ളവരാണ്. അതില്‍ തന്നെ 90 ശതമാനം ഷിയകൾ. ഇന്ത്യയുമായി ചേർന്ന് നിൽക്കണം എന്ന നിലപാടാണ് ഷിയകൾക്കുള്ളത്. പുതിയ നിയമം വന്നതോടെ ലഡാക്കുമായി ചേരാൻ ചില ഉപാധികൾ വച്ചതായി ആക്ഷൻ കൗൺസിൽ നേതൃത്വം വ്യക്തമാക്കി.
അങ്ങിനെയാണ് ചീഫ് സെക്രട്ടറിയും ചർച്ചയ്ക്ക് തയ്യാറായത്.

കാശ്മീർ താഴ്വരയിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ സമരനേതാക്കളെ തടങ്കലിൽ ആക്കിയിട്ടില്ല. സംസ്ഥാനത്തെ മലയോര മേഖലയായ ഡാർജിലിംഗിനു സമാനമായ ചില അവകാശങ്ങൾ പരമ്പരാഗത താമസക്കാർക്ക് നൽകുക എന്ന നിർദ്ദേശമാണ് കേന്ദ്രം ഇപ്പോൾ പരിഗണിക്കുന്നത്.