കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ യോഗങ്ങൾക്ക് കോടതിയുടെ സ്റ്റേ

single-img
19 August 2019

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നടത്താനിരുന്ന യോഗങ്ങൾക്ക് കോടതിയുടെ സ്റ്റേ. ചൊവ്വാഴ്ച നടത്താനിരുന്ന ഉന്നതാധികാര സമിതി, സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങൾക്കാണ് കോട്ടയം മുൻസിഫ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം ഏതാനും ജോസ് കെ മാണി വിഭാഗം നേതാക്കളെ പുറത്താക്കിയ നടപടിക്കു അംഗീകാരം നൽകാനാണ് ജോസഫ് വിഭാഗം സ്റ്റീയറിങ് കമ്മിറ്റിയും ഉന്നതാധികാര സമിതിയും വിളിച്ചത്. ജോസ് കെ. മാണിയെ അനുകൂലിക്കുന്ന 4 ഉന്നതാധികാര സമിതി അംഗങ്ങൾ ഉൾപ്പെടെ 21 പേരെയാണ് കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.  6 ജില്ലാ പ്രസിഡന്റുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഇതിൽപെടും.

ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത, കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന്റെ പേരിലാണു ജോസ് കെ. മാണി വിഭാഗം നേതാക്കളെ സസ്പെൻഡ് ചെയ്തത്. യോഗത്തിൽ പങ്കെടുത്ത നടപടി നിയമവിരുദ്ധമാണെന്നും പി.ജെ.ജോസഫ് തപാലിൽ അയച്ച കത്തിൽ പറയുന്നു. ഉന്നതാധികാര സമിതിയിൽ 97 പേരും സ്റ്റിയറിങ് കമ്മിറ്റിയിൽ 28 പേ‍രുമാണു നിലവിലുള്ളത്.

അതേസമയം ജോസ് കെ. മാണി വിഭാഗം സ്റ്റീയറിങ് കമ്മിറ്റി കോട്ടയത്തു തുടങ്ങി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു തങ്ങളെ പുറത്താക്കിയെന്ന പി.ജെ.ജോസഫിന്റെ അവകാശവാദം അംഗീകരിക്കില്ലെന്നു നേതാക്കൾ പറഞ്ഞു. പാർട്ടി ഭരണഘടന അനുസരിച്ച് ഇത്തരമൊരു നടപടി സ്വീകരിക്കാൻ പി.ജെ.ജോസഫിന് അധികാരമില്ല. പാർട്ടിയെ തകർക്കാനുള്ള പി.ജെ.ജോസഫിന്റെ ശ്രമങ്ങളെ പ്രവർത്തകർ ചെറുത്തുതോൽപിക്കുമെന്നും പുറത്താക്കപ്പെട്ട നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ, കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത നടപടി താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇടുക്കി മുൻസിഫ് കോടതി വീണ്ടും നീട്ടിയിരുന്നു.