നിയമത്തിന്‍റെയും ചട്ടങ്ങളുടെയും സഹായമില്ലാതെ ഒറ്റമിനിറ്റില്‍ പ്രശ്നം പരിഹരിക്കാം; സംവരണത്തിനെതിരെ ആര്‍എസ്എസ്

single-img
19 August 2019

ഭരണഘടനാ പ്രകാരം രാജ്യത്തെ പിന്നാക്കക്കാര്‍ക്കുള്ള സംവരണ അവകാശം ബിജെപി സര്‍ക്കാര്‍ എടുത്തുകളയുമെന്ന സൂചനയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കഴിഞ്ഞ ദിവസം ആര്‍എസ്എസിന്‍റെ ‘ഗ്യാന്‍ ഉത്സവ്’ മത്സര പരീക്ഷക്ക് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് രാജ്യത്ത് സംവരണം ഇല്ലാതാക്കാന്‍ ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം സൂചന നല്‍കിയത്. രാജ്യത്തെ സംവരണത്തിന് അനുകൂലമായവര്‍, സംവരണത്തിന് എതിരെയുള്ളവരെയും തിരിച്ചും പരിഗണിക്കുകയും കേള്‍ക്കുകയും ചെയ്യുകയാണെങ്കില്‍ നിയമത്തിന്‍റെയും ചട്ടങ്ങളുടെയും ഒന്നും സഹായമില്ലാതെ ഒറ്റമിനിറ്റില്‍ പ്രശ്നം പരിഹരിക്കാം.

അങ്ങിനെ ഒരു നിമിഷം വരാതെ രാജ്യത്ത് ഐക്യമുണ്ടാകില്ല. എന്നാല്‍ ആരും ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. തങ്ങള്‍ അതിന് ശ്രമിക്കുകയാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു. അതേപോലെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം ചെലുത്തുന്നില്ലെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി.

ബിജെപി എന്ന പാര്‍ട്ടിയിലും കേന്ദ്ര സര്‍ക്കാറിലും പ്രവര്‍ത്തിക്കുന്ന സംഘ് പ്രവര്‍ത്തകര്‍ ആര്‍എസ്എസിനെ കേള്‍ക്കും. അതുകൊണ്ട് അവര്‍ എല്ലാ കാര്യത്തിലും ഞങ്ങളെ അംഗീകരിക്കുന്നുവെന്നല്ല, തീര്‍ച്ചയായും വിയോജിപ്പുകളുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് 2015ല്‍ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും സംവരണത്തിനെതിരെ മോഹന്‍ ഭഗവത് നിലപാട് വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് തലവന്‍റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുകയും പ്രസ്താവന വിവാദവും ആയതോടെ വിശദീകരണവുമായി ആര്‍എസ്എസ് രംഗത്തെത്തി. സര്‍സംഘ് ചാലക്റെ നടത്തിയ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും സംഘടനയെ ആക്രമിക്കുകയാണെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
അടുതുതന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് സംഘടനക്കെതിരെ ആക്രമണം നടക്കുന്നത് . രാജ്യത്തെ ദലിത്, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണത്തിന് ആര്‍എസ്എസ് അനുകൂലമാണെന്ന് ആര്‍എസ്എസ് വക്താവ് അരുണ്‍കുമാര്‍ വ്യക്തമാക്കി.