ഇന്ത്യന്‍ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയില്‍; കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി രഘുറാം രാജന്‍

single-img
19 August 2019

ഇന്ത്യന്‍ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഉടന്‍തന്നെ ഊർജ്ജ മേഖലയിലും ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തുമുള്ള പ്രതിസന്ധികൾ കേന്ദ്രസർക്കാർ പരിഹരിക്കണമെന്നും രഘുറാം രാജൻ പറഞ്ഞു. “നമ്മുടെ സ്വകാര്യ മേഖലയിലെ നിരവധിയായ വിശകലനങ്ങൾ പലതരത്തിലാണ് സാമ്പത്തിക വളർച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം കേന്ദ്രസർക്കാരിന്റെ പ്രവചനങ്ങൾക്ക് വിരുദ്ധമാണ്. ഞാന്‍ കരുതുന്നത് ഇപ്പോൾ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യ അതിന്റെ കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 6.8 ശതമാനമായി കുറഞ്ഞിരുന്നു. അതും 2014-15 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളർച്ചാ നിരക്ക്. ഈ വര്‍ഷത്തെ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിലും താഴെയായിരിക്കുമെന്നാണ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറഞ്ഞത്.

“രാജ്യത്തെ എല്ലാ തരം ബിസിനസുകാരും ആശങ്കാകുലരാകുന്നതും എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് പറയുന്നതും നമുക്ക് കാണാം. സാമ്പത്തിക മേഖലയില്‍ ഒരു സെറ്റ് പുതിയ പരിഷ്‌കാരങ്ങൾ ഇപ്പോൾ ആവശ്യമാണ്. രാജ്യം എങ്ങനെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അതിനിത് ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പുള്ള ചരിത്രം ആവർത്തിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയും ചൈനയും ഈ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. 2008 ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ രാജ്യത്ത് തനിക്കൊരു കടുത്ത സാമ്പത്തിക തകർച്ച പ്രവചിക്കാനാവില്ലെന്നും, അതുണ്ടായാൽ പലവഴികളിലൂടെയാവും അത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2008 ല്‍ സംഭവിച്ച പ്രതിസന്ധിയെ മറികടക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരെ പ്രയോഗിക്കാൻ നിൽക്കരുതെന്നും രഘുറാം രാജൻ പറഞ്ഞു.