വി ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ; കഫേ കോഫി ഡേയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളുമായി വീണ്ടും കൊക്കകോള കമ്പനി

single-img
19 August 2019

കഫേ കോഫി ഡേ ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും കൊക്കകോള കമ്പനി തുടക്കം കുറിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ പുരോഗമിക്കുന്നതിനിടയായിരുന്നു കോഫി ഡേ ഗ്രൂപ്പ് ചെയര്‍മാന്‍ വി ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. ഗ്രൂപ്പ് ഏറ്റെടുക്കുക വഴി കോഫി വിതരണ രംഗത്ത് ഈ വര്‍ഷം അവസാനത്തോടെ പുതിയ ബ്രാന്‍ഡ് രംഗത്തിറക്കുകയാണ് കൊക്കകോള ലക്ഷ്യമിടുന്നത്. സിദ്ധാര്‍ദ്ധയുടെ പക്കല്‍ നിന്നും കഫേ കോഫി ഡേയുടെ ഭൂരിപക്ഷം ഓഹരികളും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച കൊക്കകോള കമ്പനിയുമായുളള ചര്‍ച്ചകൾ പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്തത്.

ഈ പ്രതിസന്ധിയെ തുടര്‍ന്ന് നിലച്ച ഏറ്റെടുക്കല്‍ ചർച്ചകൾ വീണ്ടും ഇപ്പോള്‍ തുടങ്ങിയതായാണ് സൂചന. കോഫി ഡേ ഗ്രൂപ്പിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ പുതിയ ബോര്‍ഡ് ഉചിതമായ തീരുമാനം എടുക്കണമെന്ന ആഗ്രഹവും, സിദ്ധാര്‍ത്ഥ ആത്മഹത്യക്ക് മണിക്കൂറുകള്‍ മുന്പ് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിൽ പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയിലാകെ 1,750 ലധികം ഔട്ട്ലെറ്റുകളുള്ള കോഫി വിതരണ ശൃംഖലയാണ് കഫേ കോഫി ഡേ. കമ്പനി കൊക്കകോളയുമായി പതിനായിരം കോടി രൂപയുടെ ഇടപാട് നടത്താനാണ് വി ജി സിദ്ധാര്‍ത്ഥ നേരത്തെ ശ്രമിച്ചത്. നിലവില്‍ കൊക്കകോള എത്ര തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. ഇന്ത്യയില്‍ കോഫി വില്‍പ്പന മേഖലയിലേക്ക് ഇറങ്ങാനുള്ള കൊക്കകോളയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് കഫേ കോഫി ഡേ ഏറ്റെടുക്കാനുളള ആലോചന.

ഇതിന് മുന്‍പ് ആഗോള കോഫി ചെയിനായ കോസ്റ്റ കോഫിയും കൊക്കകോള കമ്പനി ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിവിധ രാജ്യങ്ങളില്‍ കോക്കകോള കോഫി എന്ന ശൃംഖല തുടങ്ങാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.